പാഥേയമില്ല പഥികര്‍ ഇല്ല കൂടെ
ഹൃത്തില്‍ പാടാതിരുന്നൊരു പാട്ട് മാത്രം
പോകുവാന്‍ ഏറെ ഉണ്ട് പക്ഷെ,
പാതി വഴി പോലും ആയിട്ടില്ല..
പടവാള് വിറ്റു ഞാന്‍ പൊന്‍വീണ വാങ്ങാനായി
പാത വക്കത്തെ കടയില്‍ എത്തി
ചൊല്ലി സെയില്‍സ് മാന്‍ എന്നോട് സോദരാ
മണിവീണക്കിന്നത്ര ഡിമാന്റു പോരാ.
കീ ബോഡു നോക്കുന്നോ ലയമുണ്ട്, സ്വരമുണ്ട്
പോരെങ്കില്‍ ആസുര താള തിമിര്‍പ്പും ഉണ്ട്...
പറയാതെ തന്നെ ഞാന്‍ പടികളിറങ്ങുമ്പോള്‍
ഹൃത്തിലൊരു മണിവീണ തേങ്ങിയെന്നോ...
നാടോടുമ്പോള്‍ നടുവേ എന്നോതി
ആരൊക്കെ മുന്നോട്ടേക്ക് ഓടുന്നുണ്ട്
മനസ്സാലെ ഓടുവാന്‍ മേലാഞ്ഞ്
കാലുളുക്കിപ്പോയെന്ന കള്ളം പറഞ്ഞു ഞാന്‍
ഭരണത്തില്‍ മേവുന്നു ആചാര്യ വ്യഞ്ജനര്
അറിയില്ലയെന്തിനോ നികുതി കൊടുക്കുന്നു...
മാറ്റുവിന്‍ ചട്ടങ്ങളെ അല്ലെങ്കില്‍...., എന്നുള്ളൊരോ-
ര്‍മ ഇന്നെന്നെ സമാശ്വസിപ്പിച്ചീടുന്നുവോ...
നൂറു നൂറോര്‍മകള്‍ കലുഷിതമാക്കുമെന്
ചിത്തത്തെ മാറ്റി വിടുവാന്‍ ഞാന്‍ പാട് പെടുമ്പോള്‍
ചിന്ത തന് പട്ടം പൊട്ടിപ്പോയൊരു ഭ്രാന്തചിത്തന്‍
എന്നെ കടന്നു പോയിടുന്നു.
പാടുന്നുണ്ടവന് അങ്ങുറക്കെയുറക്കെ....
പാട്ടോ പാട്ടിലെ പരിഹസനമോ.
''നിഴല്‍ നാടകത്തിനും ഭാവമുണ്ടോ
ഈ വാത്മീകത്തിലും ജീവനുണ്ടോ..."
